
വടകര വില്യാപ്പള്ളിയിൽ പ്ളസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) യാണ് മരിച്ചത് . വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം. പ്ളസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു കുട്ടി. വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടകര പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
തിരുവനന്തപുരം മരുതുംകുഴി സ്വദേശി ദർശൻ്റെ മരണവാർത്തയുടെ നടുക്കം മാറും മുൻപാണ് മറ്റൊരു പ്ലസ് ടു വിദ്യാർത്ഥിയുടെ മരണവാർത്ത കൂടെയെത്തുന്ന്. ഇന്ന് പരീക്ഷ തുടങ്ങാനാരിക്കെയാണ് ദർശനെ മരുതംകുഴിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠിച്ചതെല്ലാം മറന്ന് പോകുന്നുവെന്നും അച്ഛനും അമ്മയും വിഷമിക്കരുതെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. പഠനത്തിലും കലയിലും മിടുക്കനായ ഏക മകനെയാണ് മാതാപിതാക്കൾക്ക് നഷ്ടമായത്.