HONESTY NEWS ADS

 HONESTY NEWS ADS


ദേവികുളം തെരഞ്ഞെടുപ്പ് കേസ്; എ രാജയ്ക്ക് ആശ്വാസം, തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവെച്ചു, എംഎൽഎയായി തുടരാം

ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു


ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. ഇതോടെ എ രാജയ്ക്ക് എംഎൽഎയായി തുടരാം. ദേവികുളം തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. എ രാജയ്ക്ക് ആശ്വാസമാകുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.


എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. 1950ന് മുമ്പ് കുടുംബം കുടിയേറിയതിന് രാജ നല്കിയ രേഖ കോടതി അംഗീകരിച്ചു. എംഎൽഎ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്കാനും സുപ്രീം കോടതി ഉത്തരവിട്ടു.


തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ എ രാജ എംഎൽഎ നൽകിയ അപ്പീലിലാണ് ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 20നാണ് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.


നേരത്തെ സുപ്രീംകോടതി ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ നൽകിയിരുന്നു. തമിഴ്‌നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്‍റെ പിതാവെന്ന് രാജ സുപ്രീംകോടതിയിൽ വാദിച്ചത്. 1950 ന് മുൻപ് കുടിയേറിയതിനാൽ കേരളത്തിലെ സംവരണത്തിന് അർഹതയുണ്ടെന്നും രാജ വാദിച്ചിരുന്നു.


അതേസമയം, രാജയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മുഴുവൻ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാൽ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാറിന്‍റെ വാദം. തന്റെ മുത്തശ്ശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ എ. രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്‍റേഷൻ കമ്പനിയുടെ രേഖയും കേസിൽ നിർണായകമായി. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS