ഏലകൃഷിക്കായി മണ്ണെടുക്കുന്നതിനിടെ വീടിനുമുകളിലേക്ക് വലിയ പാറക്കല്ലുകൾ പതിച്ച് വീട് തകർന്ന കുടുംബം ദുരിതത്തിൽ. ഇടുക്കി മഞ്ഞപ്പാറ പുന്നപ്പറമ്പിൽ റെജിയും കുടുംബവുമാണ് വീട് വാസയോഗ്യമല്ലാതായതിനെ തുടർന്ന് ഇപ്പോൾ വാടക വീട്ടിൽ കഴിയുന്നത്. അപകടം നടന്ന് ഒരു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം നൽകാനോ വീട് പുനർനിർമ്മിച്ച് നൽകാനോ മാർ എഫ്രേം മൈനർ സെമിനാരി അധികൃതരോ സ്ഥലം പാട്ടത്തിനെടുത്ത വ്യക്തിയോ ഇതുവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ ജൂൺ രണ്ടിന് ഉച്ചയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. മാർ എഫ്രേം മൈനർ സെമിനാരിയുടെ സ്ഥലത്ത് ഏലകൃഷിക്കായി മണ്ണെടുക്കുന്നതിനിടെയാണ് വലിയ കല്ലുകൾ റെജിയുടെ വീടിന് മുകളിലേക്ക് ഉരുണ്ടുവീണത്. കല്ലുകൾ വരുന്ന ശബ്ദം കേട്ട് സമയോചിതമായി വീട്ടിൽ നിന്ന് ഓടിമാറിയതിനാലാണ് റെജിയും കുടുംബവും വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
അതേസമയം വീട് പുനർനിർമ്മിച്ച് നൽകാമെന്ന് സെമിനാരി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചെങ്കുത്തായ മലഞ്ചെരിവിൽ വലിയ തോതിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തതിനെ തുടർന്ന് ഈ സ്ഥലം ഇനി താമസയോഗ്യമല്ലെന്ന് സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ തുടർന്ന് ഇടുക്കി കളക്ടറേറ്റിൽ ഉൾപ്പെടെ വിവിധ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെ അപകടത്തിൽ തകർന്ന വീടിന്റെ ഭിത്തികളിൽ വീണ്ടും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ പഴയ വീട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ കുടുംബം.
ഈ സാഹചര്യത്തിൽ പഴയ സ്ഥലത്ത് താമസം തുടരാൻ സാധിക്കില്ലെന്നും, സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് വീട് നിർമ്മിക്കാനുള്ള സൗകര്യവും അർഹമായ നഷ്ടപരിഹാരവും അടിയന്തരമായി അനുവദിക്കണമെന്നുമാണ് റെജിയും കുടുംബവും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
ഭീഷണിയായി കൂറ്റൻ പടുതാക്കുളം
ഇതിനൊപ്പം സെമിനാരി വക ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന വലിയ പടുതാക്കുളവും പ്രദേശവാസികൾക്ക് കടുത്ത ഭീഷണിയാകുകയാണെന്ന് റെജി പറയുന്നു. ഏകദേശം 15 മീറ്റർ വീതിയും 20 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള കുളം കനത്ത മഴയിൽ പൊട്ടിയാൽ താഴ്‌വാരത്തിലെ വീടുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






