HONESTY NEWS ADS

ഇടുക്കി ക്രൈംബ്രാഞ്ച് വനിതാ എ.എസ്.ഐക്കെതിരെ നടപടിയെടുക്കുമെന്ന് എസ്.പി; കാരണം ഫെയ്‌സ്ബുക്ക് പോസ്റ്റ്!

ഇടുക്കി ക്രൈംബ്രാഞ്ച് വനിതാ എ.എസ്.ഐക്കെതിരെ നടപടിയെടുക്കുമെന്ന് എസ്.പി


പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും സോഷ്യൽ മീഡിയ വഴി അവഹേളിച്ചെന്ന പരാതിയിൽ ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ചിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കർശന വകുപ്പുതല നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. നസിം അറിയിച്ചു. ക്രൈംബ്രാഞ്ചിലെ ഗ്രേഡ് എ.എസ്.ഐ സജിത സലിമിനെതിരെയാണ് നടപടി വരുന്നത്. 


സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസ് ആസ്ഥാനത്തുനിന്നും ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ചിട്ടുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നത്. സജിത സലിമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ക്രൈംസ് എ.ഡി.ജി.പിക്കും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിക്കും റിപ്പോർട്ട് കൈമാറിയിരുന്നതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.


ഡൽഹി സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച പോസ്റ്റുകൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചതിനും കേന്ദ്രസർക്കാരിനെതിരെ വ്യാജപ്രചരണങ്ങൾ നടത്തിയതിനും എതിരെ യുവമോർച്ച ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഗോകുൽ ഗോപിനാഥ് തൊടുപുഴ സി.ഐക്ക് പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥയ്‌ക്കെതിരെ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുവമോർച്ച മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS