HONESTY NEWS ADS

നടുറോഡിൽ കയറ്റിറക്ക്, കണ്ണടച്ച് സി.സി.ടി.വി; കരിമ്പൻ ബസ് സ്റ്റാൻഡ് കയ്യടക്കി സ്വകാര്യ വാഹനങ്ങളും സാമൂഹ്യവിരുദ്ധരും

കരിമ്പൻ ബസ് സ്റ്റാൻഡ് കയ്യടക്കി സ്വകാര്യ വാഹനങ്ങളും സാമൂഹ്യവിരുദ്ധരും


അടിമാലി–കുമളി ദേശീയപാതയിലെ കരിമ്പൻ ബസ് സ്റ്റാൻഡ് പൂർണ്ണമായും സ്വകാര്യ വാഹനങ്ങൾ കയ്യടക്കിയതോടെ യാത്രക്കാരും നാട്ടുകാരും കടുത്ത ദുരിതത്തിൽ. കാറുകളും ഗുഡ്സ് വാഹനങ്ങളും ഉൾപ്പെടെയുള്ളവ ബസ് സ്റ്റാൻഡ് വളപ്പിൽ അനധികൃതമായി പാർക്ക് ചെയ്യുന്നതോടെ, സർവീസ് ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതോടെ പ്രധാന റോഡിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടി വരുന്നത് വലിയ അപകടക്കെണിയൊരുക്കുന്നു.


പ്രധാന റൂട്ടുകൾക്ക് ഭീഷണി

കുമളി–എറണാകുളം, അടിമാലി–കട്ടപ്പന, ചെറുതോണി–വണ്ണപ്പുറം–തൊടുപുഴ തുടങ്ങി ദീർഘദൂര-ഹ്രസ്വദൂര സർവീസുകളിലെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ആശ്രയിക്കുന്ന പ്രധാന സ്റ്റോപ്പാണിത്. വീതികുറഞ്ഞ റോഡരികിലാണ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. രണ്ട് വാഹനങ്ങൾക്ക് പരസ്പരം സുഗമമായി കടന്നുപോകാൻ പോലും ബുദ്ധിമുട്ടുള്ള റോഡിൽ ബസുകൾ നിർത്തിയിടുമ്പോൾ കിലോമീറ്ററുകളോളമാണ് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്. കഴിഞ്ഞ ദിവസം ബസിൽ നിന്നിറങ്ങിയ യാത്രക്കാരൻ എതിരെ വന്ന വാഹനത്തിന് മുന്നിൽപ്പെടാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.


പഞ്ചായത്തിന്റെ അനാസ്ഥയും സാമൂഹ്യവിരുദ്ധ ശല്യവും

വിഷയത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലും മോട്ടോർ വാഹന വകുപ്പിലും നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.


പ്രവർത്തനരഹിതമായ സി.സി.ടി.വി: സുരക്ഷയ്ക്കായി പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ ഒരു വർഷത്തിലേറെയായി പണിമുടക്കിലാണ്.


വെളിച്ചമില്ലായ്മ: രാത്രിയായാൽ മതിയായ തെരുവുവിളക്കുകൾ പോലുമില്ലാത്തതിനാൽ സ്റ്റാൻഡ് പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.


പോലീസ് സാന്നിധ്യമില്ല: മുൻപുണ്ടായിരുന്ന പാർക്കിംഗ് നിയന്ത്രണ ബോർഡുകളും സ്വകാര്യ വാഹനങ്ങൾ തിരിച്ചുവിടാൻ നിയോഗിച്ചിരുന്ന പോലീസും നിലവിലില്ല.


സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എത്തുന്ന കരിമ്പനിൽ പോലീസും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെട്ട് അനധികൃത പാർക്കിംഗ് പൂർണ്ണമായി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS